സവഡീ ഖാ - ഭാഗം 1

18 / 04 / 2025 

വിമാനത്തിൻ്റെ ജാലകത്തിലൂടെ പുലർവെട്ടം എൻ്റെ മിഴികളെ തൊട്ടു.   
തായ്ലൻഡിൻ്റെ തലസ്ഥാനമായ Bangkok നഗരത്തെ സമീപിക്കുകയാണ് ഞങ്ങൾ . ഈ നഗരത്തിൻ്റെ ഔദ്യോഗികനാമം Krung Thep Maha Nakhon എന്നത്രെ. " ദൈവദൂതരുടെ നഗരം " എന്നാണ് ഈ പേരിൻ്റെ പൊരുൾ.  ഞങ്ങൾ സഞ്ചരിച്ച Thai Lion Air SL 211 വിമാനം 7 . 15 ന്  Bangkok ലെ Don Mueang അന്തർദേശീയ വിമാനത്താവളത്തിലെത്തി. നാട്ടിൽ ഇപ്പോൾ സമയം രാവിലെ  5.45 ആയിട്ടുണ്ടാകും.  ഇന്ത്യൻ സ്റ്റാൻ്റേർഡ് സമയത്തേക്കാൾ ഒന്നര മണിക്കൂർ മുന്നിലാണ് തായ്ലൻഡ് സ്റ്റാൻ്റേർഡ്  സമയം.നടപടികൾ പൂർത്തീകരിച്ചതിനു ശേഷം നഗരത്തിലേക്ക്. ആദ്യം ഒരു ഇന്ത്യൻ ഭോജനശാലയിൽ പ്രാതൽ. തുടർന്ന്  കാഴ്ചാനുഭവങ്ങളുടെ ലോകത്തേക്ക്. Omi എന്ന തായ് വനിതയാണ് ഈ യാത്രയിൽ ഞങ്ങളുടെ മാർഗ്ഗദർശി.കരുതലിൻ്റെയും ഊർജ്ജസ്വലതയുടെയും അറിവിൻ്റെയും നിറവാർന്ന വ്യക്തിത്വം. 

20 പേരടങ്ങുന്ന ഞങ്ങളുടെ യാത്രാസംഘവുമായി  നഗരത്തിലൂടെ മുന്നേറവെ തായ് ഭാഷയിലെ Sawadee ka എന്ന വാക്ക് Omi ഞങ്ങൾക്ക്  പരിചയപ്പെടുത്തി.  Hello,  ശുഭദിനം എന്നെല്ലാം അർത്ഥമാക്കുന്ന  ഈ അഭിവാദനപദം ഉരുത്തിരിഞ്ഞത് സംസ്കൃത ഭാഷയിലെ " സ്വസ്തി " എന്ന വാക്കിൽ നിന്നത്രെ. തുടർന്ന് 
Bangkok നെ കുറിച്ച് Omi വാചാലയായി. ഈ നഗരത്തിൻ്റെ തായ് ഭാഷയിലുള്ള പേര് 168 അക്ഷരങ്ങളുടെ സമ്മേളനവേദിയാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നഗരനാമമാണിത് ( Krung Thep Maha Nakhon Amon Rattankosin Mahinthara Ayuthaya Mahadilok Phop Noppharat  Ratchathani Burirom Udomratchaniwet Mahasathan Amon Piman Awatan Sathit Sakkathattiya Witsanukam Prasit ). ബസിൻ്റെ ജാലകത്തിലൂടെ നോക്കവെ അംബരചുംബികളായ കെട്ടിടങ്ങൾക്ക് കീഴെ വൃത്തിയുള്ള നഗരവീഥി  കാണാൻ കഴിഞ്ഞു. 
Wat traimit ബുദ്ധക്ഷേത്രമാണ് ഞങ്ങളുടെ ലക്ഷ്യം. തായ്ലൻഡിലെ ജനസംഖ്യ (65,975,198) യുടെ 93.46% ബുദ്ധമതവിശ്വാസികളാണ്. തേരവാദ ബുദ്ധമതം ഈ ദേശത്ത് ആഴത്തിൽ ആദരിക്കപ്പെടുന്നു. രാജാവ്  ബുദ്ധമതവിശ്വാസി ആയിരിക്കണമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. എന്നാൽ രാജ്യത്തിന് ഒരു ഔദ്യോഗികമതം ഇല്ല. തായ് ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.  ഭരണഘടനാപരമായ രാജവാഴ്ചയാണ്   ഈ രാജ്യത്ത് നിലനിൽക്കുന്നത്. 
" ജാഗോ..... ജാഗോ..... " വാഹനത്തിലെ 
ഉച്ചഭാഷിണിയിലൂടെ Omi യുടെ ശബ്ദം മുഴങ്ങി. ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി എന്നതിൻ്റെ സൂചനയായി പുതിയ കാഴ്ചകളിലേക്കും ബോധ്യങ്ങളിലേക്കും ഉണരാനുള്ള ഈ വിളി.. മുന്നിൽ ചരിത്രപ്രസിദ്ധമായ Wat traimit ബുദ്ധക്ഷേത്രം..Traimit എന്നാൽ 3 സുഹൃത്തുക്കൾ എന്നർത്ഥം ( ഈ ക്ഷേത്രം സ്‌ഥാപിക്കുന്നതിന് സഹായിച്ച 3 വ്യക്തികളെ കുറിക്കുന്നു. ).  രാമ മൂന്നാമൻ രാജാവിൻ്റെ ഭരണകാലത്താണ് ( 1824 - 1851 ) ഈ ക്ഷേത്രം  ആദ്യമായി നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. പിന്നീട് 1930 - 40 കാലഘട്ടത്തിൽ ഇതിൻ്റെ പുനർനിർമ്മാണം നടന്നു. ക്ഷേത്രത്തിൽ പ്രവേശിച്ച ഞങ്ങളെ ആ കാഴ്ച വിസ്മിതരാക്കി - സ്വർണ്ണനിർമ്മിതമായ ബുദ്ധരൂപം. 

ഭൂമിസ്പർശമുദ്രയിലുള്ള ഈ ബുദ്ധശിൽപത്തിന് 3 മീറ്റർ ഉയരവും 5500 kg ഭാരവുമുണ്ട്. Sukothai സാമ്രാജ്യ കാലഘട്ടത്തിൽ (1238 - 1438 AD ) നിർമ്മിക്കപ്പെട്ട ഈ ബുദ്ധപ്രതിമയ്ക്ക് കൗതുകകരമായൊരു ചരിത്രമുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ബർമ്മീസ് അധിനിവേശകരിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഈ ശിൽപം കുമ്മായച്ചാന്തിനാൽ  ആവരണം  ചെയ്യപ്പെട്ടു. 200 വർഷത്തോളം പ്രതിമ ഈ അവസ്ഥയിൽ തുടർന്നു. 1935 ൽ Wat traimit ലേക്ക് കൊണ്ടുവന്നപ്പോഴും സുവർണ്ണബുദ്ധൻ്റെ നേര് ഏവർക്കും  അജ്ഞാതമായിരുന്നു. അക്കാലത്ത് ചെറിയ പഗോഡയായിരുന്ന Wat traimit ൽ ഈ പ്രതിമ സ്ഥാപിക്കാൻ പര്യാപ്തമായ ഇടമില്ലാതിരുന്നതിനാൽ 20 വർഷം ഒരു തകരമേൽക്കൂരയ്ക്കു കീഴിലാണ്  ഈ ശിൽപം സൂക്ഷിച്ചത്. 1. പീഠത്തിൽ നിന്ന് ഉയർത്താനുള്ള ശ്രമത്തിനിടെ പ്രതിമ  നിലത്ത് വീണു. അതിൻെ ആവരണത്തിൽ നിന്ന് ചില ഭാഗങ്ങൾ അടർന്നപ്പോൾ  സുവർണ്ണശിൽപത്തിൻ്റെ ഉൺമ അനാവൃതമായി. ഉലകിലെ  ഏറ്റവും വലിയ കാഞ്ചനശിൽപത്തെ നോക്കിനിൽക്കവെ നിത്യമായി മറഞ്ഞിരിക്കാതെ  അനാവൃതമാകുന്ന സത്യത്തിൻ്റെ ശോഭയെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ നിറഞ്ഞു. മാനവചിത്തത്തിൽ '' സംശയങ്ങളും ആകുലതയും ആത്മവിശ്വാസക്കുറവുമെ ല്ലാം  ചേർന്ന  ആവരണത്തിനുള്ളിൽ തിരിച്ചറിയപ്പെടാതെ മറഞ്ഞിരിക്കുന്ന കഴിവുകളുടെ യാഥാർത്ഥ്യവും ഇവിടെ സ്മർത്തവ്യം. ആവരണം അടർന്നുവീഴുമ്പോൾ കഴിവുകൾ അനാവൃതമായി മികവിൻ്റെ ഒളിവാകുന്നു. 
     ഞങ്ങൾ യാത്ര തുടർന്നു. Bangkok ലെ വിഖ്യാത ബുദ്ധ ക്ഷേത്രങ്ങളിലൊന്നായ Marble Temple (Wat Benchamabophit ) ആണ് ലക്ഷ്യം. പാതയോരത്ത് കണ്ട തരുക്കളിൽ പലതും പരിചിതമായവയായിരുന്നു. കണിക്കൊന്നയും മാവും തെങ്ങുമൊക്കെ തായ്ലൻഡിലും കാണാം. 
മുന്നോട്ട് നീങ്ങവെ നഗരത്തിൻ്റെ 
പരിപാലകനും   ഐശ്വര്യദായകനുമായ അരൂപിക്ക്   അർപ്പിതമായ 
Lak Mueang എന്ന ആരാധനാലയം കണ്ടു. റോഡിലൂടെ നീങ്ങുന്ന ഓട്ടോറിക്ഷകൾ.
ഇവിടെ ഇവയെTuk Tuk എന്നാണ് വിളിക്കുക. 
ഞങ്ങൾ ലക്ഷ്യത്തിലെത്തി. ശീതീകരിച്ച വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ  അതാ  ആകാശത്ത് ഭാസ്കരൻ കട്ടക്കലിപ്പിൽ ജ്വലിക്കുന്നു. ഇവിടെയും ഏപ്രിൽ മാസം ചൂടുകാലമാണ്.  കയ്യിൽ കരുതിയ തൊപ്പി ധരിച്ച്  ഞങ്ങൾ മുന്നോട്ടു നടന്നു.  താഴികക്കുടങ്ങളും  ത്രികോണമുഖപ്പുകളും പടികളോടുകൂടിയ മേൽക്കൂരയുമൊക്കെയായി  ഞങ്ങൾക്ക് മുന്നിൽ ശിരസ്സുയർത്തി നിൽക്കുകയാണ് Marble Temple.
രാമ അഞ്ചാമൻ രാജാവിൻ്റെ ഭരണകാലത്ത്  1899 ൽ ആരംഭിച്ച ഈ ക്ഷേത്രത്തിൻ്റെ നിർമ്മാണം  1911 ൽ പൂർത്തിയായി. ഈ നിർമ്മിതി രൂപകൽപന ചെയ്തത്  രാജാവിൻ്റെ 
അർദ്ധസഹോദരൻ നാരിസ് രാജകുമാരനാണ്. Italy യിലെ Carrara  നഗരത്തിന് സമീപമുള്ള Apuan Alps ൽ നിന്ന് ഖനനം ചെയ്തെതെടുത്ത മാർബിളാണ് ക്ഷേത്രനിർമ്മാണത്തിനായി ഉപയോഗിച്ചത്. വെണ്ണക്കല്ലിൽ മെനഞ്ഞ വലിയ സിംഹരൂപങ്ങൾ കാവലാകുന്ന പ്രവേശനകവാടത്തിലൂടെ  Ubosot ( Ordination hall) ലെത്തിയ ഞങ്ങൾ  Sukothai
ശൈലിയിലുള്ള ഒരു 
ബുദ്ധശിൽപം കണ്ടു . Phra Buddhajinaraja എന്ന ഈ ബുദ്ധപ്രതിമയ്ക്ക്  കീഴിൽ രാമ അഞ്ചാമൻ രാജാവിൻ്റെ ചിതാഭസ്മം അടക്കം ചെയ്തിട്ടുണ്ട്  കൊത്തുപണികളാൽ അലങ്കൃതമായ ഒരു ബഹുതല മേൽക്കുരയാണ് ഈ ക്ഷേത്രത്തിലേത്. പരമ്പരാഗത
തായ്ശൈലിയിലുള്ള 
യക്ഷൻ്റെ ശിൽപം 
ക്ഷേത്രത്തിൽ ദൃശ്യമാണ്. ഈ പവിത്രസ്ഥാനത്തിൻ്റെ പാലകനാണ് യക്ഷൻ എന്ന് വിശ്വാസം.
ഹാളിനു ചുറ്റും ബുദ്ധശിൽപങ്ങളുടെ Gallery കാണാം. വിവിധ മുദ്രകളിലുള്ള 52
ബുദ്ധശിൽപങ്ങൾ  ഇവിടെയുണ്ട്. 
 ശ്രീബുദ്ധൻ്റെ അഭയമുദ്രയിലുള്ള രൂപവും  പ്രകാശരശ്മികളാൽ വലയം ചെയ്യപ്പെട്ട ശിരസ്സോട് കൂടിയ
ജാപ്പനീസ് ശൈലിയിലുള്ള രൂപവുമെല്ലാം ഇവയിൽ ഉൾപ്പെടുന്നു. Ubosot ലെ ഭിത്തിമാടങ്ങളിൽ  തായ്‌ലൻഡിലെ  പ്രധാന  സ്തൂപങ്ങൾ ചിത്രീകരിച്ചിരിക്കുന്നു.  കുമ്പാരം ( Heap ) എന്നാണ് സ്തൂപം എന്ന പദത്തിൻ്റെ പൊരുൾ. ബുദ്ധമതത്തിൽ പുണ്യസ്ഥലങ്ങൾ എന്ന നിലയിൽ ഏറെ പ്രാധാന്യമുണ്ട് സ്തൂപങ്ങൾക്ക്.  ശ്രീബുദ്ധൻ്റെയോ ബുദ്ധഭിക്ഷുക്കളുടെയോ  തിരുശേഷിപ്പുകൾ ഉൾക്കൊള്ളുന്ന നിർമ്മിതികളാണിവ. ആദ്യകാലത്ത്  വളരെ ലളിതമായ അർദ്ധഗോളാകൃതിയിലുള്ള മൺകൂനകൾ ആയിരുന്ന സ്തൂപങ്ങൾ ക്രമേണ സങ്കീർണമായ നിർമ്മിതികളായി പരിണമിച്ചു.
ക്ഷേത്രപരിസരത്ത്  ഉദ്യാനവും  ജലാശയവും 
ബോധിവൃക്ഷവും  വെണ്ണക്കല്ലിൽ മെനഞ്ഞ മണിഗോപുരവും ബുദ്ധഭിക്ഷുക്കളുടെ വാസസ്ഥലവും കണ്ടു. ക്ഷേത്രത്തിൽ നിന്ന് മടങ്ങിയ ഞങ്ങൾ ഇന്ത്യൻ ഭോജനശാലയിലെ ഉച്ചഭക്ഷണത്തിന് ശേഷം ഈ  യാത്രയുടെ സംഘാടകരായ Anns Travels  നഗരത്തിൽ ഞങ്ങൾക്കായി ഒരുക്കിയ വാസസ്ഥലമായ  Hotel ibis ൽ എത്തി. ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ Accor Group ൻ്റെ ഉടമസ്ഥതയിലുള്ള  അന്തർദേശീയനിലവാരമാർന്ന ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത് Sukhumvit ലാണ്.  മുറിയിലെത്തി ഫ്രഷ് ആയി കുറച്ച് നേരം വിശ്രമിച്ചു. രാത്രിയിൽ വർണ്ണാഭമായ ഒരു അനുഭവം ഞങ്ങളെക്കാത്തിരിപ്പുണ്ട്. അതിനായി ഒരുങ്ങിയ ഞങ്ങൾ സായാഹ്‌നത്തിൽ  ബസിൽ  ChaoPhraya നദിക്കരയിലേക്ക്  യാത്രയായി.  ആ അനുഭവത്തിലേക്ക് പ്രവേശിക്കാൻ രാത്രി 7 മണി വരെ കാത്തിരിക്കണം. ഈ സമയം  നദീതീരത്തുള്ള ഒരു ഷോപ്പിങ്ങ് മാളിൽ ചെലവിടാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മുന്നോട്ടു നീങ്ങുന്ന  വാഹനത്തിനുള്ളിൽ Omi യുടെ  മൊഴിമുഴക്കം - 
" തായ്ലൻഡ് 1939 വരെ സയാം എന്നാണ് അറിയപ്പെട്ടിരുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ തെക്കുകിഴക്കൻ ഏഷ്യയിൽ  യൂറോപ്യൻ ശക്തികളുടെ കോളനിയാകാതിരുന്ന  ഏക രാജ്യം സയാം ആയിരുന്നു. സ്വതന്ത്രഭൂമി എന്നാണ്  Thailand എന്ന പേരിൻ്റെ അർത്ഥം "
   ഞങ്ങൾ
ലക്ഷ്യത്തിലെത്തിയപ്പോൾ സമയം 6 മണി കഴിഞ്ഞു 
 മാളിൽ സ്ട്രോബെറി
രൂപങ്ങളാൽ അലങ്കരിക്കപ്പെട്ട മേൽക്കൂരയ്ക്ക്
കീഴെ  കാഴ്ചകൾ  കണ്ട് നടത്തം തുടരവെ പ്രത്യേക താളത്തിലുള്ള  ഒരു കൊട്ട് കേട്ടു. നോക്കിയപ്പോൾ  വിവിധ വർണ്ണങ്ങളിൽ പ്രകാശിക്കുന്ന LED ബൾബുകൾ  പതിച്ച തൊപ്പിയും ഡ്രമ്മുമായി ഒരു Entertainer ആളുകൾക്കിടയിലൂടെ നടന്നുനീങ്ങുന്നു. 
മാളിൽ നിന്നിറങ്ങിയപ്പോൾ നേരമിരുട്ടിയിരുന്നു. നദിക്കരയിൽ  വലിയ തിരക്കുണ്ട്. കൂട്ടം തെറ്റിപ്പോകാൻ സാധ്യതയേറെയാണ്. ഞങ്ങൾ ജാഗ്രതയോടെ നിന്നു. നിർദ്ദേശങ്ങൾ നൽകി Omi യും ഒപ്പമുണ്ട്. കുറച്ച് നേരത്തെ കാത്തുനിൽപിനൊടുവിൽ
ഞങ്ങൾ മുന്നോട്ട് നടന്നു. നദിയെ സമീപിക്കുകയാണ്. തൊട്ടുമുന്നിൽ ഒരു നടപ്പാലം. അതിലൂടെ ഞങ്ങൾ മുന്നേറി. നഗരനിശയുടെ നിറങ്ങൾ നദിയിലേക്ക് പടർന്നിരുന്നു. 372 കി. മീ നീളമുള്ള  Chaophraya തായ്ലൻഡിലെ മുഖ്യനദികളിലൊന്നാണ്. Bangkok നഗരത്തിലൂടെ ഒഴുകി തായ്ലൻഡ് ഉൾക്കടലിൽ പതിക്കുന്ന ഈ പുഴ " രാജാക്കന്മാരുടെ നദി " എന്നും വിളിക്കപ്പെടുന്നു. നടപ്പാലം  ഞങ്ങളെ നയിച്ചത് 
 ആ മനോഹരദൃശ്യത്തിലേക്കാണ്. നദി  വശ്യമായ ഒരു  അരങ്ങാകുന്നു. ആ അരങ്ങിൽ ഒരുങ്ങിയെത്തിയ ഉല്ലാസവതിയായ രാജപുത്രിയായി അവൾ - Chaophraya  princess എന്ന Dinner cruise. താൻ ഒരുക്കിയിരിക്കുന്ന വിരുന്നിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്യുകയാണ് ആ രാജകുമാരി. ഞങ്ങൾ Cruise നുള്ളിൽ പ്രവേശിച്ചു. മുന്നിൽ കണ്ട പടികൾ കയറി  മുകളിലെ വിരുന്നുശാലയിലെത്തി. അന്തർദേശീയ നിലവാരത്തിലുള്ള മെനു ആണ്. ഭക്ഷ്യവിഭവങ്ങളുടെ വൈവിധ്യം ശ്രദ്ധേയം തന്നെ.  
Tom yum Soup എന്ന തായ് വിഭവവും കൂട്ടത്തിലുണ്ട്. തായ് ഭാഷയിൽ Tom എന്ന പദം തിളയ്ക്കുന്ന  പ്രക്രിയയെ കുറിക്കുന്നു. മിശ്രിതമെന്നാണ് Yum എന്ന പദത്തിൻ്റെ പൊരുൾ.  നാരങ്ങാ പുല്ല് ,കഫീർ നാരകത്തിൻ്റെ  ഇലകൾ,  ഇഞ്ചിയുടെ കുടുംബത്തിലെ ഗാലങ്കൽ എന്ന ഭൂകാണ്ഡം,  Prik kee noo എന്ന തായ് മുളക്, മത്സ്യസോസ് തുടങ്ങിയവയാണ് ഈ സൂപ്പിലെ ചേരുവകൾ. കോഴിയിറച്ചി , ചെമ്മീൻ , കൂൺ, പന്നിമാംസം തുടങ്ങിയവയും പലപ്പോഴും  Tom Yum സൂപ്പിൻ്റെ ഭാഗമാകാറുണ്ട്. എരിവും പുളിയും ചേർന്ന രുചിയാണ് ഈ  വിഭവത്തിന്. ചിക്കൻ ബിരിയാണി ,ഗീ റൈസ് , ലെമൺ റൈസ്, പനീർ മസാല തുടങ്ങിയ ഇന്ത്യൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. 
" രാജകുമാരി " ഒരുക്കിയ ഒഴുക്കുന്ന വിരുന്നുശാലയിലെ വിഭവങ്ങൾ ആസ്വദിച്ച്  നദിയിലൂടെ യാത്രചെയ്യവെ തീരത്ത്   അലങ്കാരദീപപ്രഭ യണിഞ്ഞ്  പ്രൗഢിയോടെ ശിരസ്സുയർത്തിനിൽക്കുന്ന 
ചരിത്രസ്മാരകങ്ങളും അംബരചുംബികളും കാണാം.
Wat Arun ( പ്രഭാതത്തിൻ്റെ ക്ഷേത്രം ) , Grand Palace, Wat Pho ( ശയനബുദ്ധൻ്റെ ക്ഷേത്രം ), Wat Phra Kaew ( Temple of the Emerald Buddha), ആഡംബരമാളും സാംസ്കാരിക സമുച്ചയവുമായ ICONSIAM തുടങ്ങിയവ കാഴ്ചകളിൽ ഉൾപ്പെടുന്നു. 
ഞങ്ങൾക്കുമുന്നിലായി വിരുന്നുശാലയുടെ ഒരു ഭാഗത്ത്  ചടുലതാളത്തിലുള്ള ഹിന്ദി ഗാനങ്ങൾ മധുരമായി ആലപിക്കുകയാണ് ഒരു തായ് സുന്ദരി. ഞങ്ങൾ ഇരിപ്പിടങ്ങളിലിരുന്ന് താളാത്മകമായി ശിരസ്സ് ചലിപ്പിക്കുകയും ആലാപനത്തിൽ ഗായികയെ അനുഗമിക്കുകയും ചെയ്തു.
"Come on......'
ഗായിക ഞങ്ങളെ നൃത്തത്തിനായി വേദിയിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വേദിയിലെത്തി  ചുവടുവച്ച ഞങ്ങൾക്ക് ചുറ്റും മിന്നിത്തിളങ്ങുന്ന വൈദ്യുതദീപങ്ങൾ നിറങ്ങളെഴുതി. ചടുലതാളത്തിൽ കൊരുത്ത നൃത്തച്ചുവടുകൾ....ഉതിരുന്ന മന്ദസ്മിതങ്ങൾ..... മനസ്സിൽ ഉയരുന്ന ആഹ്ലാദത്തിരകൾ..... എന്നിൽ കലാലയസ്മൃതികളുണർന്നു ( പഠനകാലത്ത് കോളേജിലെ ആഘോഷപരിപാടിയിൽ മുഴങ്ങിയ  അടിപൊളിപ്പാട്ടുകൾക്കൊപ്പം  സഖിമാരൊത്ത്  
നൃത്തം ചെയ്തത് ). അതേ vibe തന്നെ ഇപ്പോഴും കിട്ടുന്നുണ്ട്. യാത്രാസംഘത്തിലുള്ളവർ വളരെ ഊർജ്ജസ്വലരാണ്. ഇത് പുഞ്ചിരികളുടെ ദേശമാണ്. ഇവിടെ ഇരവും നദിയും ഞങ്ങളെ നോക്കി മന്ദഹസിക്കുന്നു.  
അവിസ്മരണീയമായ ആ അനുഭവത്തിനൊടുവിൽ ഞങ്ങൾ Cruise 
ൻ്റെ ഡെക്കിൽ നിന്ന് നദിയുടെയും നഗരത്തിൻ്റെയും സൗന്ദര്യം ആസ്വദിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. 
ഹോട്ടൽ മുറിയിൽ മടങ്ങി യെത്തുമ്പോൾ 10 മണി കഴിഞ്ഞിരുന്നു. നല്ല ക്ഷീണമുണ്ട്. നിദ്ര മിഴികളെ തഴുകിത്തുടങ്ങി. നാളെ പുതിയ കാഴ്ചാനുഭവങ്ങൾ കാത്തിരിക്കുന്നു. പ്രതീക്ഷയോടെ നിദ്രയിലേക്ക്....... 

Comments

  1. വിനീത.... അഭിനന്ദനങ്ങൾ 🌹🌹🌹തായ് യാത്രാ വിവരണം ഒന്നാം ഭാഗം വായിച്ചു. വളരെ നല്ല ഭാഷയും, വിശേഷണങ്ങളും, ശൈലികളും കൊണ്ട് അണിയിച്ചൊരുക്കിയ വിവരണം വളരെ വളരെ ആസ്വാദ്യകരമായി തോന്നി. സ്ഥല നാമങ്ങളുടെ ഉത്പത്തിയും, അവയുടെ നാമകരണം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഒക്കെയുള്ള വിവരങ്ങൾ വളരെ കൃത്യതയോടെ വായനക്കാരിലേക്ക് എത്തിച്ചിട്ടുണ്ട്. ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഗംഭീരമായ വിവരണം എഴുതിയ വിനീതക്കുട്ടിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 💐

    ReplyDelete
  2. Vineetha, Nimmy here. വിനീതയുടെ സഹയാത്രിക ആവാൻ ഭാഗ്യംലഭിച്ച ഇരുപത് പേരിൽ ഒരാൾ. ഒന്നുകൂടെ തായ്ലാൻഡിൽ എത്തിയോ എന്ന് അതിശയിച്ചുപോകുന്നു. ഉമി എന്ന മിടുക്കിയുടെ വിവരണങ്ങൾ അപ്പാടെ ഭംഗിയോടുള്ള വിവരണം. മലയാള ഭാഷ നന്നായി ഉപയോഗിച്ചിട്ടുണ്ട്. കാത്തിരിക്കുന്നു കൗതുകത്തോടെ അടുത്ത ഭാഗത്തിനായി....... മംഗളങ്ങൾ മോളേ..

    ReplyDelete
  3. Dear Vineetha,
    Congratulations!
    Sorry for the late feedback.

    I am immersed myself in the first installment of your Thai travelogue, and I must say, it was an absolute delight. Your vibrant descriptions, skillfully woven together with eloquent language and evocative adjectives, transported me to the lush landscapes of emeralds and the bustling streets filled with colorful markets of Thailand. I was particularly captivated by your insightful exploration of the origins of place names, such as the way you unraveled the history behind "Bangkok" and its meaning. You conveyed this information with remarkable clarity and precision, enriching my understanding of the cultural tapestry of the region. Bravo for crafting such a magnificent narrative in beautifully concise prose that still manages to evoke strong imagery! I eagerly anticipate the next chapter of your journey and can't wait to discover more of the wonders you encounter!

    --Varghese Thomas

    ReplyDelete

Post a Comment

Popular Posts