സാഗരലോകത്തെ കാഴ്ചക്കാർ
1/08/2026
World പ്രവാസി സംരംഭകരുടെയും എഞ്ചിനീയർമാരുടെയും കൂട്ടായ്മയായ CISO Institute of Oceanic Studies Private Limited ൻ്റെ ഉടമസ്ഥതയിലുള്ളതാണ്. ജലജീവികളെ കുറിച്ചുള്ള അറിവുകൾ ജനങ്ങളിലെത്തിക്കുക എന്നതാണ് ഉന്നം. മഴ മൂലം ഞങ്ങളുടെ യാത്രയും മന്ദഗതിയിലായി. ഒടുവിൽ ലക്ഷ്യത്തിലെത്തിയപ്പോൾ നേരം ഉച്ച. Beach Hut Restaurant ലെ ഉച്ചഭക്ഷണത്തിന് ശേഷം കാഴ്ചകളിലേക്ക് കടന്നു . ഭോജനശാലയ്ക്ക് സമീപം Mirror House , Horror House , 16D Cinema , Mirror House എന്നിവയുണ്ട്. എന്നാൽ സമയപരിമിതി മൂലം ഈ ഇടങ്ങളിൽ പ്രവേശിക്കാനായില്ല. Deep Wonders എന്ന കാഴ്ചാനുഭവമാണ് ഞങ്ങൾ ആദ്യം അറിഞ്ഞത്. ഇന്ത്യയിലെ ആദ്യത്തെ Immersive underwater journey. എന്നതാണ് ഈ ദൃശ്യവിസ്മയത്തിൻ്റെ പ്രത്യേകത. സുതാര്യമായ തിരശ്ശീലയ്ക്കക്കപ്പുറം താഴേക്ക് നയിക്കുന്ന പടികളിറങ്ങിയ ഞങ്ങൾ ഒരു ഇരുണ്ട അറയിലെത്തി ( .Capsule ride). മൂന്നിൽ കണ്ട ഇരിപ്പിടങ്ങളിൽ ഉപവിഷ്‌ടരായി. 7 പേർക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങൾ. (ഒരു സമയം 7 പേരെ മാത്രമേ ഈ ride ന് ഉൾക്കൊള്ളാനാകൂ.). എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സമീപത്തുള്ള ബട്ടൻ അമർത്തണം എന്ന ജീവനക്കാരിയുടെ അറിയിപ്പോടെ അറവാതിൽ അടഞ്ഞു. ചുറ്റും ഇരുൾ. ഞങ്ങൾക്ക് മുന്നിലെ ചതുരാകൃതിയിലുള്ള ചില്ലിനപ്പുറം കാഴ്ചകൾ തെളിഞ്ഞു.
സമുദ്രത്തിനടിയിൽ പുനഃസൃഷ്‌ടിക്കപ്പെട്ട ലോകാദ്ഭുതങ്ങൾ..... അവയ്‌ക്ക് സമീപം നീന്തുന്ന മീനുകൾ. ഒരു മാന്ത്രികയാനത്തിലേറി കടലാഴങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവം. കൊളോസിയവും താജ്മഹലും ചൈനയിലെ വന്മതിലും അമേരിക്കയിലെ മൗണ്ട് റാഷ്മോറും ഗിസയിലെ പിരമിഡുമെല്ലാം കാഴ്ചകളിൽ ഉൾപ്പെടുന്നു. സമുദ്രത്തിൻ്റെ അടിത്തട്ടിൽ ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങളും കാണാനായി.
ശബ്‌ദവും വെളിച്ചവും ജലവും സാങ്കേതികവിദ്യയും ചേരുവകളാകുന്ന മായികത്വം. 8 മിനിറ്റ് ദൈർഘ്യമുള്ള ഈ ദൃശ്യാനുഭവം ആസ്വദിച്ചതിന് ശേഷം ഞങ്ങൾ അക്വേറിയത്തിലേക്ക് പ്രവേശിച്ചു. കാഴ്ചകളിലേക്ക് മുന്നേറും മുമ്പ് ജീവനക്കാരി ചില നിർദ്ദേശങ്ങൾ നൽകി. ചിത്രങ്ങൾ പകർത്തുമ്പോൾ ഫ്ലാഷ് ഇടരുത് , ചില്ലിൽ സ്പർശിക്കരുത് എന്നിങ്ങനെ.
മുന്നോട്ട് നടന്നപ്പോൾ കാർ അക്വേറിയം കണ്ടു. പഴയൊരു കാർ അക്വേറിയമായി രൂപപ്പെടുത്തിയിരിക്കുന്നു! കാറിൻ്റെ ചില്ലിനപ്പുറം നീന്തുന്ന മത്സ്യങ്ങൾ ! ഇന്ത്യയിലെ ഏറ്റവും വലിയ Cylinder Aquarium മറ്റൊരു അദ്ഭുതമായി മുന്നിൽ.
ഞങ്ങൾ മുന്നോട്ട് നടന്നപ്പോൾ ശുദ്ധജലമത്സ്യമായ Grass Carp പാർക്കുന്ന അക്വേറിയം കണ്ടു. സസ്യഭുക്കായതിനാലാണ് ഈ പേര് ലഭിച്ചത്.
പായലുകളും ജലസസ്യങ്ങളുമാണ് ഇവയുടെ ആഹാരം. കുളങ്ങളിൽ അമിതമായി വളരുന്ന ജലസസ്യങ്ങൾ സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് Grass Carp നെ വളർത്താറുണ്ട്.
Platinum Alligator Gar എന്ന അപൂർവമത്സ്യം ആകർഷകമായ കാഴ്ചയായി.
ഇവയുടെ തിളങ്ങുന്ന ശ്വേതവർണ്ണത്തിന് കാരണം ജനിതകവ്യതിയാനമാണ്.
Yellow Parrot Fish നെയും Catfish ൻ്റെ വിവിധയിനങ്ങളും കണ്ടു.
തേൻകൂടിനെ ഓർമ്മിപ്പിക്കും വിധമുള്ള പുള്ളികൾ നിറഞ്ഞ ഉടലുമായി Honeycomb Moray Eel എന്ന കടൽമത്സ്യം അക്വേറിയങ്ങളിലൊന്നിൽ സന്ദർശകരെ കാത്തിരുന്നു.
പ്രഥമദൃഷ്ടിയിൽ ഉരഗമാണെന്ന് തോന്നും. സാധാരണ കാണുന്ന താടിയെല്ല് കൂടാതെ തൊണ്ടയ്ക്കുള്ളിൽ ഒരു ജോഡി താടിയെല്ല് ഇവയ്ക്കുണ്ട്. മറ്റ് മത്സ്യങ്ങളെപ്പോലെ വെള്ളം ഉള്ളിലേക്ക് വലിച്ചെടുത്ത് അതിനൊപ്പം ഇരയെ ഭക്ഷിക്കുന്ന രീതിയല്ല മൊറേ ഈലിൻ്റേത്.പുറംതാടിയെല്ലുപയോഗിച്ച് ഇരയെ കടിച്ചുപിടിച്ചതിന് ശേഷം തൊണ്ടയ്ക്കുള്ളിലെ താടിയെല്ലിനാൽ കൊളുത്തി വലിച്ച് അന്നനാളത്തിലേക്ക് എത്തിക്കുകയാണ് ഇവ ചെയ്യുക.
വിടർന്ന ചിറകുകളോട് കൂടിയ ഒരു സുന്ദരൻ നീലമത്സ്യത്തെ കണ്ടു. പേര് ബെറ്റ ഫിഷ്.
ഫൈറ്റർ ഫിഷ് എന്നും വിളിക്കപ്പെടുന്നു. രണ്ട് ആൺ ബെറ്റ മത്സ്യങ്ങളെ ഒരു ഫിഷ് ടാങ്കിലിട്ടാൽ ഇവയിലൊന്നിൻ്റെ മരണത്തിൽ കലാശിക്കും വരെ ഉഗ്രമായി പരസ്പരം
പൊരുതുമത്രെ. വിവിധ നിറങ്ങളിലുള്ള പോരാളിമീനുകളെ ഇവിടെ കാണാൻ കഴിഞ്ഞു.
ഒരു ചില്ലുപാലത്തിലൂടെ നടക്കവെ താഴെ ജലത്തിൽ നീന്തുന്ന ഭീമാകാരനായ Arapaima യെ കണ്ടു. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യങ്ങളിലൊന്നാണിത്. ആമസോൺ നദിയിൽ കാണപ്പെടുന്ന ഇവ
"ആമസോണിലെ രാജാവ് " എന്നറിയപ്പെടുന്നു.
Underwater tunnel ലൂടെയുള്ള യാത്രയും അവിസ്മരനീയമായിരുന്നു. സൂതാര്യമായ തുരങ്കത്തിലൂടെ നടന്നുനീങ്ങവെ തലയ്ക്ക് മീതെയും വശങ്ങളിലും നീന്തുന്ന മീനുകളുടെ വൈവിധ്യം കാണാം.
കാഴ്ചകൾ തുടരുകയാണ്. മാലാഖമത്സ്യങ്ങൾ , സക്കർ ഫിഷ് , ശുദ്ധജല തിരണ്ടി , നക്ഷത്രമത്സ്യങ്ങൾ, Clown knife fish ( പണ്ട് ക്ഷുരകന്മാർ ഉപയോഗിച്ചിരുന്ന പ്രത്യേകതരം കത്തിയുമായി രൂപസാദൃശ്യമുള്ള ഉടലിൻ്റെ ഉടമകളാകയാൽ നമ്മുടെ നാട്ടിൽ ഇവയ്ക്ക് അമ്പട്ടൻ കത്തി എന്ന വിളിപ്പേരുണ്ട്. ) , മഞ്ഞക്കൂരി.........
കൃത്രിമ മഴക്കാട് ( Artificial Rain forest) ഹൃദ്യമായ കാഴ്ചാനുഭവമായി. ഹരിതാഭമായ വനത്തിലേക്ക് പ്രവേശിക്കുന്ന അനുഭവം. ഇവിടെയുള്ള വ്യക്ഷങ്ങൾ മനുഷ്യനിർമിതമാണ് . എന്നാൽ കാഴ്ചയിൽ യഥാർത്ഥമെന്ന് തോന്നും. ഇടതൂർന്ന വ്യക്ഷങ്ങൾക്കിടയിലുടെ ഒഴുകുന്ന അരുവിയും മീനുകൾ നിറഞ്ഞ ജലാശയവുമെല്ലാം കാണാം. ദിനോസറിൻ്റെ ഭീമാകാരമായ ഫോസിൽ മാതൃക മറ്റൊരു കൗതുകദൃശ്യമാണ്.
മഞ്ഞുമൂടിയ ധ്രുവപ്രദേശങ്ങൾ പ്രമേയമാക്കി സജ്ജീകരിച്ച വിശാലമായ ഇടം മറൈൻ വേൾഡിലുണ്ട്. ഇവിടെ നമ്മുടെ ചിത്രങ്ങൾ പകർത്തിത്തരാൻ ഫോട്ടോഗ്രാഫറുമുണ്ട്. ഞങ്ങളെ ഒരിടത്തിരുത്തി അരികെ ഇരു വശങ്ങളിലും പെൻഗ്വിൻ രൂപങ്ങൾ വെച്ച് ധ്രുവപ്രദേശത്തെ ഭൂപ്രകൃതിയുടെ പശ്ചാതലത്തിൽ ഫോട്ടോ എടുത്തു.
Garra rufa എന്ന ചെറുമത്സ്യങ്ങൾ നിറഞ്ഞ ടാങ്കിലെ ജലത്തിൽ കാലുകളിട്ടിരിക്കുകയാണ് ചില സന്ദർശകർ. അവർ ഫിഷ് തെറാപ്പിക്ക് വിധേയരാകുകയാണ്. ഈ മത്സ്യങ്ങൾക്ക് ദന്തങ്ങളില്ല. പ്രത്യേക ഘടനയുള്ള വായും ചുണ്ടുകളും ഉപയോഗിച്ച് ഇവ സന്ദർശകരുടെ പാദങ്ങളിലെ മൃതകോശങ്ങൾ മൃദുവായി ഉരസിയും Suction പ്രക്രിയയിലൂടെയും നീക്കം ചെയ്ത് ആഹരിക്കുന്നു. വേദനാരഹിതവും സുഖകരവുമായ അനുഭവമാണിതെന്ന് ആളുകൾ പറഞ്ഞു.
കാലിൽ മുറിവുകൾ / വെരിക്കോസ് വെയിൻ ഉള്ളവർ ഫിഷ് സ്പാ ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്. അണുബാധയ്ക്കും രക്തസ്രാവത്തിനുമുള്ള സാധ്യതയാണ് കാരണം.
കാഴ്ചകൾ കണ്ട് പുറത്തിറങ്ങിയതിന് ശേഷം മത്സ്യങ്ങൾക്ക് തീറ്റ നൽകാനുള്ള സൗകര്യവും മറൈൻ വേൾഡിൽ ഒരുക്കിയിട്ടുണ്ട്.
പ്രകൃതിദത്ത ഉൽപന്നങ്ങളും കരകൗശലവസ്തുക്കളും വിൽക്കുന്ന സുവനീർ ഷോപ്പും ഇവിടെയുണ്ട്.
കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ കടൽത്തീരത്ത് പോകാൻ കഴിഞ്ഞില്ല. സമയം 4 മണിയോടടുക്കവെ ഞങ്ങൾ മറൈൻ വേൾഡിനോട് വിട ചൊല്ലി. ഈ സാഗരലോകം സമ്മാനിച്ച കാഴ്ചാനുഭവങ്ങളും അറിവുകളും മനസ്സിൻ്റെ താളിൽ പതിപ്പിച്ചുകൊണ്ട്.
Comments
Post a Comment