സവഡീ ഖാ - ഭാഗം 2

19/04/2025 


തായ്ലൻഡിലെ രണ്ടാം പ്രഭാതം. 6 മണിക്ക് ഉണർന്നു. ജാലകത്തിലൂടെ പുറത്തേക്ക് 
നോക്കുമ്പോൾ കെട്ടിടങ്ങളും പാർക്ക് ചെയ്ത വാഹനങ്ങളുമാണ് കാഴ്ച. ഏഴരയോടെ
പ്രഭാതഭക്ഷണത്തിനായി ലോബിയിലെത്തി. 
വൈവിധ്യമാർന്ന
വിഭവങ്ങളേറെയുണ്ട്. യഥേഷ്ടം തിരഞ്ഞെടുക്കാം. 
പ്രാതലിന് ശേഷം എട്ടരയോടെ ഞങ്ങൾ ബസിൽ കയറി Safari World എന്ന
വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് യാത്രയായി. വിവിധതരം പക്ഷിമൃഗാദികളെ നേരിൽ കാണുകയാണ് ലക്ഷ്യം. Safari World Public company limited ൻ്റെ ഉടമസ്ഥതയിലുള്ള ഈ 
പാർക്ക് 1988 ലാണ് പ്രവർത്തനമാരംഭിച്ചത്. ഈ വിനോദസഞ്ചാരകേന്ദ്രത്തിന് രണ്ട് ഭാഗങ്ങൾ ( Marine Park, Safari Park ) ഉണ്ട്. Safari World ലെത്തിയ ഞങ്ങൾ ആദ്യം നയിക്കപ്പെട്ടത് Orangutan Show എന്ന
കാഴ്ചയിലേക്കാണ്. മലയ് ഭാഷയിൽ Orang എന്നാൽ ആൾ എന്നും hutan എന്നാൽ വനമെന്നും അർത്ഥം. ഈ പദങ്ങളിൽ നിന്നാണ് Orangutan ( കാട്ടിലെ ആൾ)  
എന്ന പേരിൻ്റെ പിറവി. മരമുകളിൽ പാർക്കുന്ന ഇവയുടെ DNA ക്ക്  മനുഷ്യരുടേതുമായി 97 % സാമ്യമുണ്ട്. ബുദ്ധിശക്തി കൂടുതലാണ്. മരക്കഷണങ്ങളാൽ ആഹാരസമ്പാദനത്തിന് സഹായിക്കുന്ന  ഉപകരണങ്ങൾ നിർമ്മിക്കാനും  മരച്ചില്ലകളും  ഇലകളും ഉപയോഗിച്ച് ഉറങ്ങാനായി  കൂടൊരുക്കാനുമൊക്കെ ഇവയ്ക്ക് കഴിവുണ്ട്.  സ്വന്തം മുഖത്ത് മുറിവേറ്റപ്പോൾ  ഔഷധഗുണമുള്ള വള്ളിച്ചെടിയുടെ ഇലകൾ കണ്ടെത്തി ചവച്ചരച്ച് നീരെടുത്ത് ആ നീര് മുറിവിൽ  പുരട്ടുകയും തുടർന്ന് ചവച്ച ഇലകളാൽ മുറിവ് 
പൊതിയുകയും ചെയ്ത് 
സുഖം പ്രാപിച്ച ഒറാങ്ങ് ഉട്ടാനെ കുറിച്ച്  ഒരു  ശാസ്ത്രലേഖനത്തിൽ വായിച്ചത് ഓർക്കുന്നു. ഈ അറിവുകളും നിരീക്ഷണങ്ങളുമൊക്കെ 
വളരെ കൗതുകം പകരുന്നത്  തന്നെ.  വനത്തിലെ  ആവാസവ്യവസ്ഥയുടെ സ്വാഭാവികതയിലെ അവയുടെ ചെയ്തികളാണ് ഇതുവരെ പറഞ്ഞത്. എന്നാൽ ഇവിടെയോ ? 
പരിശീലകൻ്റെ നിർദ്ദേശങ്ങളനുസരിച്ച്  പ്രേക്ഷകർക്ക് മുന്നിൽ വിവിധ അഭ്യാസപ്രകടനങ്ങൾ നടത്താൻ
നിർബന്ധിതരാകുന്ന ബന്ധനസ്ഥരായ ഒറാങ്ങ് ഉട്ടാന്മാർ . 
പ്രകടനം രസകരമായി തോന്നാമെങ്കിലും ഈ  
ദൃശ്യാനുഭവത്തിൻ്റെ 
അണിയറയിൽ ഇരുണ്ട നേരുകളുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഈ ജീവികൾ  സന്തുഷ്ടരല്ല എന്നതാണ് വാസ്തവം. അവ അനുഭവിക്കുന്ന  മാനസികസമ്മർദ്ദം വളരെ വലുതാണ്.  പരിശീലനമുറകളുടെ ഭാഗമായി ഒറാങ്ങ് ഉട്ടാൻ്റെ  സ്വാഭാവിക
പെരുമാറ്റരീതികൾ അടിച്ചമർത്തപ്പെടുന്നു. 
മനുഷ്യൻ തയ്യാറാക്കിയ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിനിന്ന് അവനെ രസിപ്പിക്കുന്നതിനായി  അസ്വാഭാവികമായി പെരുമാറാൻ ഈ ജീവികൾ  നിർബന്ധിതരാകുന്നു.  ശിക്ഷയുടെയും  പാരതന്ത്ര്യത്തിൻ്റെയും നിഴലിലാണ് അവയുടെ ജീവിതം. ഇവിടെ അവ മർത്യൻ്റെ വിനോദത്തിനുള്ള ഉപകരണങ്ങളായി മാത്രം നിർവ്വചിക്കപ്പെടുകയാണ്. അവയുടെ സ്വത്വത്തിനും  വികാരങ്ങൾക്കും തീരെ  വിലകൽപിക്കപ്പെടുന്നില്ല. വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണ് ഒറാങ്ങ് ഉട്ടാൻ. വംശനാശത്തിന് വഴി
യൊരുക്കുന്ന പ്രധാന കാരണങ്ങളിൽ വ്യാപകമായ വനനശീകരണം ,വേട്ടയാടൽ, അനധികൃത വളർത്തുമൃഗ വ്യാപാരം,കാലാവസ്ഥാവ്യതിയാനത്തിൻ്റെ ആഘാതങ്ങൾ എന്നിവ ഉൾപ്പെടുന്നു. തെക്കു കിഴക്കൻ ഏഷ്യയിലെ ബോർണിയോ , സുമാത്ര എന്നീ ദ്വീപുകളിലെ മഴക്കാടുകളിൽ മാത്രമാണ് ഇപ്പോൾ ഒറാങ്ങ് ഉട്ടാനുകൾ ഉള്ളത്.  കുഞ്ഞായിരിക്കുമ്പോൾ തന്നെ ഇവ വേട്ടയാടപ്പെട്ട് വിൽപനച്ചരക്കുകളായി മാറുന്നു. വിനോദപരിപാടികളിൽ ഇവയ്ക്കുള്ള വർദ്ധിച്ച ഡിമാൻ്റ് ആണ് ഈ സ്ഥിതിക്ക് കാരണം. അമ്മയെയും ഒപ്പമുള്ള  മറ്റ് മുതിർന്ന ഒറാങ്ങ് ഉട്ടാന്മാരെയും ക്രൂരമായി വധിച്ചതിന് ശേഷമാണ് കുഞ്ഞിനെ അപഹരിച്ച് മനുഷ്യരുടെ ലോകത്തേക്ക് കൊണ്ടുവരുന്നത്. PETA (People for Ethical Treatment of Animals), WFFT ( Wildlife Friends Foundation Thailand) തുടങ്ങിയ സംഘടനകൾ വന്യജീവികളെ ഉൾപ്പെടുത്തിയുള്ള വിനോദപരിപാടികളിലെ 
നൈതികതയുടെ അഭാവം ചൂണ്ടിക്കാണിക്കുകയും ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടത്തോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. തായ്ലൻഡിലെ മുഖ്യ വ്യവസായമാണ് Animal Tourism. ധാർമ്മികവും അധാർമ്മികവുമായ വഴികൾ ഈ വ്യവസായത്തിലുണ്ട്. സദസ്സിന് മുന്നിലെ വന്യജീവികളുടെ  നിർബന്ധിത പ്രകടനങ്ങൾ മാനവൻ്റെ അധാർമ്മിക ചെയ്തികളുടെ ഉൽപന്നങ്ങളാണ്. 
ഇനി വന്യജീവികൾ
പ്രമേയമായുള്ള  വിനോദം കൂടിയേ തീരൂ എങ്കിൽ  VR (Virtual reality)Safari ഉൾപ്പെടെയുള്ള
ബദൽ മാർഗ്ഗങ്ങൾ  സ്വീകരിക്കാവുന്നതാണ്.  
Show ക്ക് ശേഷം  പാർക്കിലൂടെ നടത്തം തുടർന്ന ഞങ്ങൾക്ക്  വിവിധയിനം ജീവികളെ കാണാൻ കഴിഞ്ഞു.  
മധ്യ ആഫ്രിക്കയിലെ നദീതീരങ്ങളിലും ചതുപ്പുനിലങ്ങളിലും കാണപ്പെടുന്ന Swamp monkey,  ഗാലപ്പഗോസ് ആമയ്ക്കും ആൽഡാബ്ര ഭീമൻ ആമയ്ക്കും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ ആമയായ Sulcata tortoise, 50 അടി ഉയരത്തിൽ നിന്നുള്ള വീഴ്ചയെയും അതിജീവിക്കാൻ കഴിവുള്ള Green Iguana, മൃദുവായ രോമത്തിൻ്റെ പേരിൽ വിലമതിക്കപ്പെടുന്ന Alpaca,10 മിനിറ്റിനകം 100 ലിറ്റർ വെള്ളം കുടിക്കാൻ ശേഷിയുള്ള Dromedary ഒട്ടകങ്ങൾ തുടങ്ങിയവ കാഴ്ചകളിൽ  ഉൾപ്പെടുന്നു. Marine Park ലെ പ്രധാന ആകർഷണമായ Mini World ൽ പക്ഷിലോകത്തിൻ്റെ വൈവിധ്യം ദൃശ്യമായി. 
ആഹാരത്തിലൂടെ ആർജ്ജിച്ച  പിങ്ക് നിറവുമായി ഒരു കൂട്ടം  Flamingo കൾ.  ആൽഗകളും ചെമ്മീനും ഉൾപ്പെടുന്ന ഇവയുടെ ഭക്ഷണക്രമത്തിലെ  കരോട്ടിനോയിഡുകളുടെ  സമൃദ്ധിയാണ് നിറത്തിൻ്റെ 
പൊരുൾ.ആഹാരത്തിലൂടെ Flamingo യുടെ ശരീരത്തിലെത്തുന്ന കരോട്ടിനോയിഡുകൾ കരളിൽ വച്ച് വിഘടിപ്പിക്കപ്പെടുകയും  തൂവലുകളിലും ചർമ്മത്തിലും നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഈ പക്ഷിക്ക് ആകർഷകമായ പിങ്ക് / ഓറഞ്ച്  നിറം ലഭിക്കുന്നു. മുട്ട വിരിഞ്ഞ് പുറത്തുവരുമ്പോൾ 
ഇവയ്ക്ക് ചാരനിറമാണ്. പിന്നീട് ഭക്ഷണം കഴിച്ച് വളർച്ചയുടെ വഴിയിൽ മുന്നേറുന്നതിനനുസരിച്ച്  ക്രമേണ ചർമ്മത്തിൻ്റെ നിറം മാറുന്നു. 
അതാ നിറയെ സൂനങ്ങൾ ചൂടിയ  ഒരു തരുസുന്ദരി   Scarlet Ibis കൾക്ക് സ്വീകരണം നൽകുന്നു. 
പ്രഥമദൃഷ്ടിയിൽ  പൂക്കളേത് പക്ഷികളേതെന്ന്  സംശയം തോന്നും. 
വിവിധയിനം വേഴാമ്പലുകൾ,  Macaw തത്തകൾ, Wood duck, Mandarin Duck
തുടങ്ങിയവയെയും  കാണാൻ കഴിഞ്ഞു. 
ചുവപ്പും ഓറഞ്ചും വെള്ളയും സ്വർണ്ണനിറവും മേളിക്കുന്ന ഒരു ജലാശയം കണ്ടു. 
Koi മത്സ്യങ്ങളുടെ നിറവാണ് ഈ നിറങ്ങൾക്ക് കാരണം. നിഷികിഗോയ് എന്ന് വിളിക്കപ്പെടുന്ന ഈ മത്സ്യം 
ജാപ്പനീസ് സംസ്കാരത്തിൽ ഭാഗ്യത്തിൻ്റെയും കരുത്തിൻ്റെയും
സ്ഥിരോത്സാഹത്തിൻ്റെയും പ്രതീകമാണ്. ശക്തമായ പ്രവാഹങ്ങൾക്കെതിരെ മുകളിലേക്ക് നീന്താനുള്ള ഇവയുടെ കഴിവ് ശ്രദ്ധേയമാണ്. 
പാർക്കിലെ ജീവികൾക്ക് ഭക്ഷണം നൽകുന്നതിന്  വിനോദസഞ്ചാരികൾക്ക് അവസരമുണ്ട്. നിയുക്ത സ്ഥാനങ്ങളിൽ നിന്ന് തീറ്റ  വാങ്ങി നൽകാവുന്നതാണ്. എന്നാൽ ഇതിന് പ്രവേശനഫീസിന്  പുറമെ
പ്രത്യേകം പണം നൽകണം. 100 മുതൽ 300  വരെ Thai Baht ആണ് ഇതിനുള്ള ചെലവ്. (1 Baht = 2.82 INR). 
നേരം ഉച്ചയോടടുത്തപ്പോൾ ഞങ്ങൾ ഒരു
ഗ്യാലറിയിലെത്തി.Spy war show ആരംഭിക്കുകയാണ്. ഞങ്ങൾ പിൻനിരയിലാണ് സ്ഥാനം പിടിച്ചത്.  കാണികൾക്ക് മുന്നിൽ തുറന്ന വേദി. 
കൃത്രിമ ജലാശയവും പാറക്കെട്ടുകളും നിഗൂഢ അറയുമൊക്കെയുള്ള ഈ അരങ്ങിലാണ് അഭിനേതാക്കളുടെ പ്രകടനം.
വൈകാതെ ഒരു ആക്ഷൻ ത്രില്ലർ കഥാലോകത്തേക്ക് പ്രേക്ഷകർ നയിക്കപ്പെട്ടു.  സംവേദനാത്മക ദൃശ്യങ്ങളോട് കൂടിയ ഈ ലൈവ് ആക്ഷൻ സ്റ്റണ്ട്  പ്രകടനം വേറിട്ട കാഴ്ചാനുഭവമായി. വാട്ടർ സ്കീയിങ്ങ് , സിപ് ലൈനിങ്ങ്, സ്ഫോടനങ്ങൾ , ഡൈവിങ്ങ്, ആയോധനകലകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു ചലച്ചിത്രം  കാണുന്ന അനുഭൂതി. ജലാശയത്തിലെ അഭ്യാസരംഗങ്ങൾക്കിടെ വെള്ളം ഗ്യാലറിയിലേക്ക്  ശക്തിയിൽ തെറിക്കുന്നുണ്ട്.  മുൻനിരയിലിരുന്നാൽ  ക്യാമറയും ഫോണും വസ്ത്രങ്ങളുമൊക്കെ നനയാനിടയുണ്ടെന്ന് Omi മുന്നറിയിപ്പ് തന്നതിനാലാണ് ഞങ്ങൾ പിന്നിലെ ഇരിപ്പിടങ്ങൾ തിരഞ്ഞെടുത്തത്. 
Show ക്ക്  ശേഷം പാർക്കിനുള്ളിൽ തന്നെയുള്ള Savanna Grand Buffet restaurant ൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു.  അപ്പോഴേക്കും മഴ പെയ്യാനാരംഭിച്ചു.  മഴ തോരുന്നതും കാത്ത് ഞങ്ങൾ ഭോജനശാലയിലിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ  കാർമുകിൽകിടാങ്ങൾ
മഴമുത്തുകൾ മണ്ണിൽ ചൊരിയുന്ന വിനോദം അവസാനിപ്പിച്ചു. ഞങ്ങൾ പുറത്തിറങ്ങി. പടവുകൾ കയറി ഒരു ഗ്യാലറിയിലെത്തി. അവിടെ ബോളിവുഡ് ഗാനങ്ങൾ മുഴങ്ങുന്നു. കൃത്രിമമായ  നീലജലാശയത്തോട് കൂടിയ വേദിയിൽ നിന്ന് അവതാരകയായ തായ് സുന്ദരി ഉറക്കെ വിളിക്കുന്നു. 
" ഭാരത് മാതാ കീ....." 
മറുപടിയായി കാണികൾ " ജയ് " എന്ന് ആരവം മുഴക്കുന്നു. അപ്പോൾ അവിടെ പ്രേക്ഷകരായി ഇന്ത്യക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. അൽപസമയത്തിനകം Dolphin show ആരംഭിച്ചു. ആഴിയുടെ വിശാലതയിൽ ആഴത്തിൽ ഊളിയിട്ടും ദീർഘദൂരം നീന്തിയുമെല്ലാം സ്വതന്ത്രരായി ജീവിക്കേണ്ടവർ ഇവിടെ കൃത്രിമ കുളങ്ങളുടെ പാരതന്ത്ര്യത്തിൽ അകപ്പെട്ട്  പരിശീലകരുടെ നിർദ്ദേശമനുസരിച്ച്    പ്രകടനങ്ങൾ  നടത്തി പ്രേക്ഷകർക്ക് "ദൃശ്യവിരുന്നൊരുക്കാൻ " നിർബന്ധിതരാകുന്നു. 

Indo - pacific Bottlenose എന്നയിനം ഡോൾഫിനുകളാണ് ഞങ്ങൾക്ക് മുന്നിലെ വേദിയിൽ അഭ്യാസപ്രകടനം നടത്തിയത്. 
 ഇനി മടക്കയാത്രയ്ക്കുള്ള  സമയം. വേറിട്ടൊരനുഭവമാണ് safari world ൽ നിന്നുള്ള തിരികെ യാത്ര.  480 ഏക്കർ വിസ്തൃതിയുള്ള  തുറന്ന മൃഗശാലയായ safari park ലൂടെയാണ് ഞങ്ങൾക്ക് സഞ്ചരിക്കേണ്ടത്. വിവിധയിനം പക്ഷിമൃഗാദികളെ അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയെ അനുകരിച്ച് രൂപപ്പെടുത്തിയ ചുറ്റുപാടുകളിൽ  ദർശിച്ചുകൊണ്ട് ഒരു ബസ് യാത്ര. ഇവിടെ യാത്രികർ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുത്, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയോ മൃഗശബ്ദങ്ങൾ അനുകരിക്കുകയോ അരുത്, പാർക്കിലെ ജീവികൾക്ക് വെളിയിൽ നിന്നുള്ള തീറ്റ നൽകരുത് , പ്ലാസ്റ്റിക് നിരോധിച്ചിരിക്കുന്നു എന്നിങ്ങനെ. ഞങ്ങളുടെ വാഹനം പാർക്കിനുള്ളിൽ പ്രവേശിച്ചു. Savanna എന്ന ആവാസവ്യവസ്ഥയാണ് ഈ പാർക്കിന് മാതൃകയാക്കിയിട്ടുള്ളത്. 
ആദ്യം സസ്യഭുക്കുകളുടെ മേഖലയാണ്. 
മസായ് ജിറാഫുകൾ , വെള്ള കണ്ടാമൃഗങ്ങൾ , ആഫ്രിക്കൻ എരുമകൾ , ഇംപാല , ഹിപ്പോപൊട്ടാമസുകൾ , നീൽഗായ് മാനുകൾ , പുള്ളിമാൻ , ഡ്രോമെഡറി ഒട്ടകങ്ങൾ തുടങ്ങിയവയെ കണ്ടു. വാഹനം മുന്നോട്ടു നീങ്ങവെ അതാ മുന്നിൽ ഒരു എമു.
ജിജ്ഞാസ  കൂടുതലുള്ള കൂട്ടരാണ് ഈ പക്ഷികൾ. " വിചിത്രരൂപമുള്ള ഈ വലിയ ജീവി കൊള്ളാമല്ലോ." എന്ന ഭാവത്തിൽ എമു വാഹനത്തെ നോക്കി നിൽക്കുന്നു. ഇദ്ദേഹം വഴി മാറിയാലേ ഞങ്ങൾക്ക് യാത്ര തുടരാൻ കഴിയൂ. മുന്നിൽ പോവുകയായിരുന്ന 
ഒരു കാറും എമുവിനെ കണ്ട് നിർത്തിയിട്ടിരിക്കുന്നു. കാറിൻ്റെ ചില്ലിൽ മെല്ലെ കൊക്ക് മുട്ടിക്കുന്ന എമു.  സ്വന്തം പ്രതിബിംബം ചില്ലിൽ കണ്ടുള്ള പ്രതികരണമാകാം. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തൻ്റെ നിരീക്ഷണപരിപാടി അവസാനിപ്പിച്ച്  അദ്ദേഹം വഴിമാറിത്തന്നു. ഞങ്ങളുടെ വാഹനം മുന്നോട്ട് നീങ്ങി. പാർക്കിലെ ജലപക്ഷിസങ്കേതത്തിൽ  വെള്ള പെലിക്കണുകളെയും വിവിധയിനം ക്രൗഞ്ചപക്ഷികളെയും   കാണാനായി.
മാംസഭോജികളുടെ മേഖലയിൽ  സിംഹങ്ങളെയും കടുവകളെയും കണ്ടു. അവ ഭക്ഷണശേഷം പുൽമേടുകളിൽ വിശ്രമിക്കുകയാണ്. കാട്ടിലെ പോലെ ഇവയ്ക്കിവിടെ ഇരപിടിക്കേണ്ടതില്ല. മൃഗശാല സൂക്ഷിപ്പുകാരിൽ നിന്ന്  കൃത്യസമയത്ത് ലഭിക്കുന്ന മാംസാഹാരം കഴിച്ച്  വൃക്ഷങ്ങളും പാറകളും ജലാശയങ്ങളുമൊക്കെയായി  വനഭൂമിയെ അനുകരിച്ച് ഒരുക്കിയ ഇടങ്ങളിൽ ഇവ ജീവിക്കുന്നു.  കടുവകളുടെ നീരാട്ടിന് സാക്ഷികളാകാൻ ഞങ്ങൾക്ക്  കഴിഞ്ഞു.
ആരണ്യത്തിൽ കൊണ്ടുപോയി വിടുകയാണെങ്കിൽ ഇക്കൂട്ടർക്ക് അതിജീവനം വളരെ ക്ലേശകരമാകും.
കാട്ടിൽ ഇരയെ പിന്തുടർന്ന്  വേട്ടയാടുന്നതിനുള്ള പരിശീലനം ലഭിച്ചിട്ടില്ല എന്നതാണ് മുഖ്യകാരണം. ഈ അറിവുകൾ കുട്ടിക്കാലത്ത് കാട് എന്ന പാഠശാലയിൽ സ്വന്തം അമ്മയിൽ നിന്നാണ് ഇവയ്ക്ക് പകർന്നുകിട്ടുക. ഈ തുറന്ന മൃഗശാലയിൽ അത്തരം ശിക്ഷണത്തിന് അനുയോജ്യമായ സാഹചര്യമില്ല. ഇവിടെ ആഹാരത്തിനായി ആരോടും മത്സരിക്കേണ്ടതില്ല. സ്വന്തം territory സംരക്ഷിക്കുന്നതിന് ഉദ്യമിക്കേണ്ടതില്ല. രോഗം വന്നാൽ വൈദ്യസഹായം ഉറപ്പ്. വരൾച്ച,
ഭക്ഷണദൗർലഭ്യം തുടങ്ങിയ സമസ്യകളെ അഭിമുഖീകരിക്കേണ്ടതില്ല. എന്നാൽ കാനനത്തിലെ സാഹചര്യങ്ങൾ ഇതിനൊക്കെ
വിപരീതമാണല്ലോ. 
ഇങ്ങനെയൊക്കെയാണെങ്കിലും ഈ സിംഹങ്ങളും കടുവകളുമൊക്കെ തങ്ങളുടെ  സഹജമായ സ്വഭാവം അനാവൃതമാക്കുന്ന സന്ദർഭങ്ങളുണ്ട്. 2025 സെപ്റ്റംബറിൽ ഇവിടെ നടന്ന ഒരു ദാരുണസംഭവം ഇതിന് ദൃഷ്ടാന്തമത്രെ. Jian Rangkharasamee എന്ന മൃഗശാലസൂക്ഷിപ്പുകാരന്  സിംഹങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായി. ഈ മേഖലയിൽ 20 വർഷത്തെ പരിചയമുള്ള അദ്ദേഹം  തൻ്റെ വാഹനത്തിൽ നിന്നിറങ്ങി സിംഹങ്ങൾക്ക് ആഹാരം നൽകുന്നതിനായി അവയെ സമീപിച്ചപ്പോഴാണ്  സംഘം ചേർന്നുള്ള ആക്രമണത്തിനിരയായത്. ഈ നടുക്കുന്ന ദൃശ്യത്തിന് സാക്ഷികളായ  വിനോദസഞ്ചാരികൾ കാറിൻ്റെ ഹോൺ മുഴക്കിയും ഒച്ചവെച്ചുമെല്ലാം  സിംഹങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. ഈ അത്യാഹിതം വന്യജീവിടൂറിസത്തിലെ സുരക്ഷാപരമായ  വെല്ലുവിളികളിലേക്ക് ലോകശ്രദ്ധ ക്ഷണിച്ചു. 
ഇനി ഞങ്ങളുടെ യാത്രാനുഭവത്തിലേക്ക് മടങ്ങിവരാം.  കാഴ്ചാനുഭവങ്ങൾക്ക് ശേഷം സഫാരി പാർക്കിൽ നിന്ന്  നഗരത്തിലേക്ക് പ്രവേശിച്ചപ്പോൾ സായാഹ്നമായിരുന്നു. Watergate Pavilion എന്ന ഷോപ്പിങ്ങ് മാളിന് മുന്നിൽ ബസ് നിന്നു. ഇനിയുള്ള 4  മണിക്കൂർ ഞങ്ങൾക്ക്  ഷോപ്പിങ്ങിനായി അനുവദിച്ചിരിക്കുകയാണ്.  നാട്ടിലെത്തുമ്പോൾ പ്രിയപ്പെട്ടവർക്ക് നൽകാനുള്ള സമ്മാനങ്ങൾ  ഇവിടെ നിന്ന് വാങ്ങി. ആകാശത്ത് കറുപ്പിൽ താരകക്കല്ലുകൾ പതിച്ച തിരശ്ശീല വീഴവെ നഗരം 
വൈദ്യുതദീപപ്രഭയാൽ
നെയ്ത തിളങ്ങുന്ന  വസ്ത്രം ധരിച്ച്  മനോഹരിയായി. ഞങ്ങൾ
നഗരനിശയിലേക്കിറങ്ങി. തെരുവോരത്ത് സ്ട്രീറ്റ് ഫുഡ് കടകൾ തുറന്നിട്ടുണ്ട്.  മത്സ്യം, ചെമ്മീൻ , കണവ, കക്ക തുടങ്ങിയവയൊക്കെ ആവിയിൽ വേവിച്ച്  വെളുത്തുള്ളിയും നാരങ്ങാനീരും മുളകും ഫിഷ്സോസും  ചേരുവകളാകുന്ന ഡിപ്പിങ്ങ് സോസിനൊപ്പം വിളമ്പുന്നു. 
തായ്ലൻഡിലെ പരമ്പരാഗതവിഭവങ്ങളിലൊന്നായ Mango sticky rice ൻ്റെ രുചി ആസ്വദിച്ച് ഞങ്ങൾ താമസസ്ഥലത്തേക്ക് നടന്നു.    
തേങ്ങാപ്പാലും പഞ്ചസാരയും ഉപ്പുമെല്ലാം ചേർത്ത് പാകം  ചെയ്ത Glutinous rice അരിഞ്ഞ മാമ്പഴത്തോടൊപ്പം വിളമ്പുന്നതാണ് Mango sticky rice അഥവാ Khao niao mamuang. അയുത്തായ സാമ്രാജ്യത്തിൻ്റെ കാലത്ത് (1351- 1767 ) മധ്യതായ്ലൻഡിലാണ് ഈ വിഭവത്തിൻ്റെ പിറവി. ഓരോ ഋതുവിലും ലഭ്യമാകുന്ന പഴങ്ങൾ അരിയുമായി ചേർത്ത് ആഹരിക്കുന്ന രീതി തദ്ദേശവാസികൾക്കിടയിൽ പ്രചരിച്ചിരുന്നു. ഏപ്രിൽ , മെയ് മാസങ്ങളിൽ  ഇവിടെയും മാമ്പഴക്കാലമാണ്.  തായ്ലൻഡിലെ നവവത്സരാഘോഷത്തിൽ  (Songkran) ഈ വിഭവത്തിന് വലിയ പ്രാധാന്യമുണ്ട് . മധുരിക്കുന്ന മാമ്പഴത്തിൻ്റെയും പശിമയുള്ള അരിയുടെയും മേളനം സമൃദ്ധിയുടെയും ഐക്യത്തിൻ്റെയും പ്രതീകമാകുന്നു. 
ഞങ്ങൾ ഹോട്ടൽ
മുറിയിലെത്തി. നാളെ പുലരിയിൽ  ഈ നഗരത്തിൽ നിന്ന് യാത്രയാകും.  കാഴ്ചവിരുന്നൊരുക്കി 
കാത്തിരിക്കുന്ന Pattaya നഗരത്തിലേക്ക്.....

Comments

  1. തായ് യാത്രയുടെ രണ്ടാം ദിവസത്തെ വിവരണം വളരെ നന്നായിരിക്കന്നു, വിനീത.
    വളരെ നല്ല ഭാഷയും വിശേഷണങ്ങളും, കൊണ്ട് അലങ്കരിച്ചിരിക്കുന്ന വിവരണത്തിന് അറിവിന്റെ നിറമുള്ള തൂവൽ ചാർത്തി മനോഹരമാക്കിയിരിക്കുന്നു. കൂടാതെ മനോഹരങ്ങളായ ചിത്രങ്ങളും 👍
    ബാക്കി യാത്രാനുഭവങ്ങൾ കൂടി എഴുതുക. കൂടുതൽ യാത്രകൾ ചെയ്യുവാനാകട്ടെ... എല്ലാ നന്മകളും നേരുന്നു.
    ഗീത... മാവേലിക്കര

    ReplyDelete

Post a Comment

Popular Posts